Tuesday, December 13, 2011

2083 - ആധാര്‍: തുടര്‍പ്രവര്‍ത്തനം നിര്‍ത്തണം-വി.എസ്. - Mathra Bhumi

Posted on: 13 Dec 2011


തിരുവനന്തപുരം: പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി തിരസ്‌കരിച്ച ദേശീയ തിരിച്ചറിയല്‍ നമ്പര്‍ പദ്ധതിയായ 'ആധാറി'ന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ബില്ലുകള്‍ പഠിക്കാന്‍ നിയുക്തമായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ദേശീയ തിരിച്ചറിയല്‍ അതോറിറ്റിക്ക് നിയമപരിരക്ഷ നല്‍കുന്ന 'ദേശീയ തിരിച്ചറിയല്‍ അതോറിറ്റി ബില്‍' തിരസ്‌കരിക്കാനാണ് തീരുമാനിച്ചത്. പദ്ധതിയുടെ സാധ്യതാപഠനം നടന്നിട്ടില്ല, അനാവശ്യമായ തിടുക്കം ഇക്കാര്യത്തിലുണ്ടായിട്ടുണ്ട്, ദേശീയ സുരക്ഷയെപ്പോലും ബാധിക്കുന്ന പദ്ധതിയാണ്, വ്യക്തമായ ലക്ഷ്യങ്ങളില്ല, സര്‍ക്കാരില്‍ത്തന്നെ വ്യത്യസ്ത നിലപാടുകളുണ്ട് എന്നു തുടങ്ങി നിരവധി കാരണങ്ങള്‍ നിരത്തിയാണ് കമ്മിറ്റി ബില്ല് തിരസ്‌കരിച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ടുവര്‍ഷമായി ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിനുവേണ്ടി എല്ലാ എതിര്‍പ്പുകളെയും പിന്‍വാതിലിലൂടെ മറികടന്ന ഇന്ത്യാ ഗവണ്മെന്റ് നടത്തിയ ശ്രമങ്ങള്‍ തുറന്നുകാണിക്കപ്പെട്ടിരിക്കുന്നു. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുകപോലും ചെയ്യാതെ, എട്ടുകോടിയില്‍പരം പേരുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ ഇതിനകം ശേഖരിക്കപ്പെട്ടുകഴിഞ്ഞു. നിയമപിന്‍ബലമില്ലാതെ ആയിരക്കണക്കിന് കോടി രൂപ ഈ പദ്ധതിക്കുവേണ്ടി ചെലവിട്ടുവെന്നും വി.എസ്.പ്രസ്താവനയില്‍ പറഞ്ഞു.